Saturday, December 03, 2011

ഒരു വാരാന്ത്യാഘോഷം (One Weekend Celebration)

 

                     അഞ്ചു ദിവസത്തെ ജോലി, ശേഷം രണ്ടു ദിവസത്തെ വിശ്രമം. ആ രണ്ടു ദിവസത്തിനു വേണ്ടിയാണോ അഞ്ചു ദിവസം ജോലി ചെയ്യുന്നത് എന്നു പലപ്പോഴും തോന്നാറുണ്ട്. എല്ലാ വെള്ളിയാഴ്ചയും വരാറുള്ളത് പോലെ ‘Happy Weekend’ മെയിലും ഫേസ്ബുക്ക്‌ പോസ്റ്റും ധാരാളം വന്നു തുടങ്ങി. പക്ഷെ എനിക്ക് ഈ വാരാന്ത്യം എന്നു കേള്‍ക്കുമ്പോള്‍ പ്രധാനമായും 2 കാര്യങ്ങളാണ് മനസിലെത്തുക. ആദ്യത്തേത് വന്‍സംഭവമായ, സിനിമ കാണല്‍. രണ്ടാമത്തേത് ഏതൊരു ബാച്ചിലേരിന്‍റെയും പേടി സ്വപ്നവും ഉള്‍ക്കിടിലവുമായ, ‘അലക്കല്‍’. ഒരു Washing machine  മേടിച്ചാലോ എന്നു ഞാനും പെട്ടിയും ( എന്‍റെ സുഹൃത്തിന്‍റെ വട്ടപേരാണത് )  കൂടി ആലോചിച്ചതാണ്. പിന്നെ ഓര്‍ത്തപ്പോള്‍ ആകെ ഉള്ള ഒരു വ്യായാമം ഈ പറഞ്ഞ അലക്കല്‍ മാത്രമേ ഉള്ളൂ. അത് കൊണ്ട് ആ പ്ലാന്‍ കളഞ്ഞു.

                     സലിം കുമാര്‍ പറയുംപോലെ ‘ആചൂച്ച്വല്‍’ അന്നും മനോഹരമായ ഒരു വാരാന്ത്യം വന്നെത്തി. ഈ weekend എന്ത് ചെയ്യണം എന്ന് ആലോചിച്ചു കുരു പൊട്ടി ഓഫീസില്‍ ഇരിക്കുമ്പോളാണ് വെറുതെ google map  എടുത്തു കേരളത്തിന്‍റെ മാപ്പ് എടുത്തു നോക്കിയത്. എറണാകുളത്തിനടുത്തുള്ള ഒട്ടു മിക്ക സ്ഥലവും കറങ്ങി കഴിഞ്ഞു. Zoom in & Zoom out ചെയ്തു കുറെ സ്ഥലങ്ങള്‍ നോക്കി. പൊള്ളാച്ചി…. കൊള്ളാം, കാട്ടിലൂടെ ഒരു യാത്ര. അതും എന്‍റെ പുതിയ ബുള്ളറ്റില്‍…. രോമാഞ്ചം രോമാഞ്ചം…

                       കയ്യില്‍ പുതിയ എന്‍ഫീല്‍ഡ് വന്നിട്ട് ഒരാഴ്ച്ച ആയതേ ഉള്ളൂ. ബുളെളറ്റിനെ കുറിച്ച് കുറെ പറയാനുണ്ട്. പക്ഷെ ഇപ്പോള്‍ പറഞ്ഞാല്‍ ശരിയാവില്ല. പിന്നീടൊരിക്കല്‍ ആകട്ടെ.

അതൊക്കെ പോട്ടെ, നമ്മള്‍ പറഞ്ഞു വന്നത് , yes പൊള്ളാച്ചി യാത്ര. ശരി എങ്കില്‍ അങ്ങോട്ടവട്ടെ അടുത്ത യാത്ര. കമ്പനിക്ക്‌ ആരെ കിട്ടും ? തനിച്ചു പോയാലോ ? പെട്ടി വീട്ടില്‍ പോകും അതിനാല്‍ അവന്‍ വരില്ല. ഇത്തു ( എന്‍റെ കസിനാണ്, യഥാര്‍ത്ഥ പേര് ജിനീഷ്, വീട്ടുകാര്‍ ജിത്തു എന്നും ഞാന്‍ ഇത്തു എന്നും വിളിക്കും ) നാട്ടില്‍ പോകുവാ എന്നാ പറഞ്ഞേ. അവനെയും കിട്ടില്ല. ആഹ്, എന്തെങ്കിലും ആവട്ടെ, ഞാന്‍ പോവും, ഉറപ്പിച്ചു.                   

                       വൈകീട്ട് ടൌണ്‍ വരെ പോകണമെന്ന് ജിത്തു പറഞ്ഞിരുന്നു. ഓഫീസ് കഴിഞ്ഞു നേരെ താമസിക്കുന്ന  K C Apartment ലേക്ക് പോയി പതിവ് ചായ + മിക്സ്ചര്‍ + കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കിലെ തോമാച്ചന്‍ & ജെറിച്ചായാന്‍ കഴിഞ്ഞു നേരെ ജിത്തുവിനേയും കൂട്ടി ടൌണില്‍ പോയി. കോപ്പന്‍ , അവനൊരു കൂറ ഹെഡ്സെറ്റ്‌ മേടിക്കണമെന്നു, അതിനാണ്. നേരെ Penta Menaka യില്‍ പോയി ഒരു കിടിലന്‍ ക്വാളിറ്റി ഹെഡ്സെറ്റ്‌ മേടിച്ചു, 150 രൂപയ്ക്കു. എത്ര കാലം നില്ക്കുമോ ആവോ? ആര്‍ക്കാണെന്ന് ചോദിച്ചപ്പോള്‍ പറയുവാ, ഇത് അവന്‍റെ ഓഫീസിലെ ഒരു കിളിക്കാനെന്നു. ക്ഷമിക്കണം നല്ല സുന്ദരികളെ ഞങ്ങള്‍ അഥവാ ഞാന്‍ ‘കിളികള്‍' എന്നാണ് വിശേഷിപ്പിക്കാറ്.

                      ഹെഡ്സെറ്റും മേടിച്ചു നേരെ അടുത്ത ദിവസത്തെ അതിരാവിലത്തെ ട്രെയിനിനുള്ള ടിക്കറ്റ്‌ മേടിച്ചു നേരെ അവന്‍റെ റൂമിലെത്തി. സാധാരണ ബാച്ചിലര്‍മാര്‍ താമസിക്കുന്ന വീടിനേക്കാള്‍ വൃത്തിയായി ഇവന്മാര്‍ വീട് സൂക്ഷിച്ചിട്ടുണ്ട്. വരാന്ത മുഴുവന്‍ ചെരിപ്പിന്റെ സംസ്ഥാന സമ്മേളനം, പത്രങ്ങള്‍ അങ്ങിങ്ങായി ആര്‍ക്കോ വേണ്ടി ചിതറി കിടക്കുന്നു, മെഡിക്കല്‍ കോളേജിലെ ജനറല്‍ വാര്‍ഡിലെ പോലെ ഒരു റൂമില്‍ എല്ലാ കട്ടിലുകളും നിരത്തിയിട്ടിരിക്കുന്നു, മറ്റൊരു റൂമില്‍ ഒരു അടിവസ്ത്രങ്ങളുടെ മൊത്ത വ്യാപാരശാല. ആകെക്കൂടി മൊത്തം ഭേഷായിരിക്കുന്നു.

                   കൊച്ചു വര്‍ത്തമാനങ്ങള്‍ക്കിടയില്‍ ഞാന്‍ എന്‍റെ അടുത്ത ദിവസത്തെ ടൂര്‍ അവതരിപ്പിച്ചു. ഇത്തിരി സാള്‍ട്ട്‌ & പെപ്പെര്‍ കൂട്ടി നന്നായി പൊലിപ്പിച്ചു യാത്രാ വിവരണം നല്‍കി. അപ്പോ ഇത്തുവിനു ഒരു മനഞ്ചാട്ടം. അടുത്ത ദിവസം നാട്ടില്‍ പോകാന്‍ ഇരുന്ന പയ്യനാ, ദേണ്ടെ കറങ്ങി അടിച്ചു എന്‍റെ ‘പൊലിപ്പിക്കലില്‍’ വീണു. നാളത്തെ വീട്ടില്‍ പോക്ക് ക്യാന്‍സല്‍, പൊള്ളാച്ചി ഓക്കേ.അപ്പോ തന്നെ ഡ്രെസ്സും മറ്റും പായ്ക്ക് ചെയ്തു പയ്യന്‍സ് ഇറങ്ങി. നേരെ എന്‍റെ റൂമില്‍ പോയി, നാളത്തെ യാത്രയും സ്വപ്നം കണ്ടു കിടന്നുറങ്ങി. സ്വപ്നത്തില്‍ മുഴുവന്‍ ഞാന്‍ കുതിരപുറത്തു സവാരിയിലായിരുന്നു.

                   സാധാരണ ഓഫീസ് ദിവസങ്ങളില്‍  9 – 9.30 – 10 മണിക്ക് എഴുന്നേല്‍ക്കുന്ന ഞാന്‍ അന്ന് 7  മണിക്ക് എഴുന്നേറ്റു. അല്ലേലും ഞാന്‍ പണ്ടേ അങ്ങന്നാ. സ്കൂളില്‍ പഠിക്കുന്ന കാലത്ത്, സ്കൂള്‍ ദിവസങ്ങളില്‍  അമ്മ ഒരു പത്തു ഇരുപതു വട്ടം വിളിച്ചാലും എഴുന്നെല്‍ക്കാത്ത ഞാന്‍ അവധി ദിവസങ്ങളില്‍ അതിരാവിലെ എഴുന്നേറ്റു റെഡി ആയിട്ടുണ്ടാകും.  അതിനു അമ്മയുടെ വക ധാരാളം ചീത്ത കൊള്ളും. കാരണം ഈ ദിവസങ്ങളിലാണ് അമ്മ ഇത്തിരി കൂടുതല്‍ ഉറങ്ങുന്നത്. എനിക്കാണേല്‍ വിശപ്പിന്‍റെ അസുഖം ഇത്തിരി കൂടുതലാണെ, അതിനാല്‍ നേരത്തെ എഴുന്നേറ്റാല്‍ എനിക്ക് നേരത്തെ വിശക്കും എന്ന് അമ്മക്ക് അറിയാം. ഹോ, അതൊരു സുന്ദരകാലം. ഒന്നും അറിയേണ്ടായിരുന്നു. ചുമ്മാ എഴുന്നേല്‍ക്കുക, ഭക്ഷണം കഴിക്കുക, സ്കൂളില്‍ പോകുക, വെറുതെ ക്ലാസ്സില്‍ ഇരിക്കുക, കളിക്കുക, വൈകിട്ട് വീട്ടില്‍ വരുക, പേരിനു അമ്മ കാണാന്‍ എന്തെങ്കിലും പഠിക്കുക, ഭക്ഷണം കഴിക്കുക, ഉറങ്ങുക….

                  അങ്ങനെ നേരത്തെ എഴുന്നേറ്റു കുളിച്ച്, കുറി തൊട്ടു, കച്ച കെട്ടി, ഭാണ്ഡങ്ങള്‍ ചുമലിലേറ്റി, കളരി പരമ്പര ദൈവങ്ങളെ മനസ്സില്‍ വന്ദിച്ചു ഐശ്വര്യമായി ‘Kicker’  അടിച്ചു വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു യാത്ര തുടങ്ങി. ഒന്നാമത്തെ കിക്കില്‍ വണ്ടി സ്റ്റാര്‍ട്ട്‌ ആയപ്പോള്‍ കൂടുതല്‍ സന്തോഷമായി. ഭാണ്ഡങ്ങള്‍ വേണ്ട , ഭാണ്ഡം പോരെ, നമുക്ക്‌ രണ്ടു പേരുടെയും സകലമാന സാധനങ്ങളും കെട്ടി ഒരു ബാഗിലാക്കാം. അപ്പോള്‍ പുറകെ ഇരിക്കുന്ന ആള്‍ ചുമന്നാല്‍ മതിയാലോ ? അതായിരുന്നു ഇത്തുവിന്‍റെ പ്ലാന്‍. എന്നിട്ട എന്നോടൊരു ചോദ്യം,

“എങ്ങനെ ഉണ്ട് എന്‍റെ പുത്തി ? “

ഞാന്‍ പറഞ്ഞു, “കിടിലന്‍ നീ സംഭവം തന്നെ. വെയിലും മഴയും കൊള്ളിക്കല്ലേ “

             മനസ്സില്‍ പാവത്തിന്‍റെ വിധിയോര്‍ത്തു ഞാന്‍ കൊള്‍മയില്‍ കൊള്ളുവായിരുന്നു. “വണ്ടി മുഴുവന്‍ ഞാന്‍ തന്നെ ഓടിക്കും. പോയി വരുന്നത് വരെ നീ പുറകില്‍ തന്നെ ആയിരിക്കുമെടാ സുന്ദരാ. അപ്പോള്‍ മുഴുവന്‍ സമയവും നീ തന്നെ ബാഗ്‌ പിടിക്കേണ്ടി വരുമെടാ മത്തങ്ങാ തലയാ”. ഒരുത്തനിട്ടു പണി കൊടുത്തപ്പോള്‍ ഒരു മനസ്സുഖം. ആ നിര്‍വൃതിയില്‍ ഗിയര്‍ അഞ്ചിലെക്കിട്ടു വേഗത കൂട്ടി. ഇടപ്പള്ളി , ആലുവ, മൂക്കന്നൂര്‍ , അതിരപ്പള്ളി, വാഴച്ചാല്‍ , വാല്‍പ്പാറ വഴി പൊള്ളാച്ചി. അതായിരുന്നു പോകാന്‍ ഉദ്ദേശിക്കുന്ന വഴി. ആദ്യം മണ്ണുത്തി വഴി പാലക്കാട്‌ പിടിച്ചു പോകാനായിരുന്നു പ്ലാന്‍. ഏതോ ഒരു നല്ല നിമിഷത്തില്‍  ആ പ്ലാന്‍ ഉപേക്ഷിച്ചു. അല്ലേല്‍ ജിവിതത്തിലെ ചില സുന്ദര നിമിഷങ്ങള്‍ എനിക്ക് നഷ്ടപ്പെട്ടേനെ.

              Sun Rise ഹോസ്പിറ്റലിന്‍റെ അടുത്താണ് എന്‍റെ റൂം. Seaport – Airport റോഡ്‌ വഴിയാണ് യാത്ര. ഇടപ്പള്ളി – കളമശ്ശേരി റോഡില്‍ എത്തുന്നതിനു മുന്‍പ് ഒരു തറവാടുണ്ട്. എന്തേ എന്നറിയില്ല, അതിനു മുന്‍പില്‍ എത്തിയപ്പോള്‍ ഞാനും അവനും ഒരുമിച്ചു അങ്ങോട്ടേക്ക് നോക്കിപ്പോയി. രാവിലെ ആയതിനാല്‍ ആളും ക്യൂവും ഇല്ലായിരുന്നു. അങ്ങനെ ഒരു സന്ദര്‍ഭം കേരളത്തില്‍ അത്യപൂര്‍വമാണ്. ഒരു ദീര്‍ഘ നിശ്വാസത്തിന്‍റെ അകമ്പടിയോടെ വീണ്ടും മുമ്പോട്ടെക്ക് യാത്ര തുടര്‍ന്നു. ആലുവ – ചാലക്കുടി റോഡില്‍ മൂക്കന്നൂരില്‍ എത്തുമ്പോള്‍ വലതുവശത്തേക്ക് ഒരു റോഡുണ്ട്. ഒരു സ്വകാര എസ്റ്റേറ്റ്‌ വഴി നേരെ അതിരപ്പള്ളി എത്താം. എസ്റ്റേറ്റ്‌ കയറി ഇറങ്ങുമ്പോള്‍ എത്തുന്നത്‌ അതിരപ്പള്ളി ‘Silver storm’ ന്‍റെ എതിര്‍ വശത്ത് കാണുന്ന പാലത്തിലാണ്.

    അതിരപ്പള്ളി ഇറങ്ങി ആ സുന്ദരിയുടെ ഇടതൂര്‍ന്ന കാര്‍കൂന്തലിന്‍റെ ഭംഗി ആസ്വദിച്ചു കൊണ്ട് കുറച്ചു ഭാഗങ്ങള്‍ ക്യാമറയില്‍ ഒപ്പി. അപ്പോഴേക്കും ചെറുതായി മഴ തുടങ്ങിയിDSCN0018രുന്നു. ലെന്‍സ് കവര്‍ എടുത്തു ലെന്‍സ്‌ അടച്ചു ക്യാമറ ബാഗിലാക്കി വീണ്ടും യാത്രയായി. വാഴച്ചാല്‍ - അതിരപ്പള്ളിയിലെ സുന്ദരിയെ നീലിഭൃംഗാദി തേച്ചു കുളിപ്പിക്കുന്നവള്‍. അവിടെ ഒരു ചെക്ക്‌പോസ്റ്റ്‌ ഉണ്ട്. കേരള പോലീസിന്‍റെ അധികാര പരിധിയിലെ ആ ചെക്ക്‌പോസ്റ്റില്‍ ചില നിയമങ്ങളുണ്ട്. ഒരു തവണ ചെക്ക്‌പോസ്റ്റ്‌ കടന്നു കഴിഞ്ഞാല്‍ പിന്നെ മലക്കപ്പാറയിലെ (ഏകദേശം 50 KM)  ചെക്ക്പോസ്റ്റില്‍ നിന്നും ഒരു പേപ്പറുമായി വന്നാലേ തിരിച്ച് കേരളത്തിലേക്ക് വിടത്തുള്ളൂ. അല്ലേല്‍ 1000 ഇന്ത്യന്‍ കറന്‍സി എണ്ണി കൊടുക്കണം. അതൊക്കെ മനസിലാക്കി എന്തായാലും പോയിട്ടേ വരൂ എന്ന് ഉറപ്പിച്ചു പെര്‍മിഷന്‍ മേടിക്കാന്‍ തീരുമാനിച്ചു. അവിടെയും ഇവിടെയും ഒപ്പും വണ്ടിയുടെ നമ്പറും എഴുതിയ ശേഷം ബാഗ്‌ ചെക്കിങ്ങിനായി കൊടുത്തു. മദ്യം, പ്ലാസ്റ്റിക്‌ മുതലായവ ഉണ്ടോ എന്നു പരിശോധിച്ചു പ്ലാസ്റ്റിക്‌ ബാഗുകളുടെ എണ്ണം എടുത്തു അത് ആ പെര്‍മിഷന്‍ പേപ്പറില്‍ രേഖപ്പെടുത്തി ഒരു ‘All the Best’ തന്നു ഞങ്ങളെ ആ പോലീസുകാര്‍ യാത്രയാക്കി. അത് കേട്ടപ്പോള്‍ ഒരു പന്തികേട്.

“ അണ്ണാ, കാട്ടില്‍ വല്ല പ്രശ്നവും ഉണ്ടോ ? മൃഗങ്ങള്‍ ഇപ്പോള്‍ ഇറങ്ങുമോ ? “

“കുഴപ്പമില്ല, അധികം ശബ്ദം ഉണ്ടാക്കാതെ പോയാല്‍ മതി. പിന്നെ മഴയും ഉണ്ടല്ലോ , പേടിക്കാനൊന്നുമില്ല” , എന്നു പറഞ്ഞു ഞങ്ങളെ സാന്ത്വനിപ്പിച്ചു.

ഓ, പിന്നെ ഇതല്ല ഇതിനപ്പുറവും ചാടി കടന്നവനാ ഈ K K Joseph എന്നു പറഞ്ഞു ബുളെളറ്റിനോട് ഒച്ച ഉണ്ടാക്കല്ലേ എന്നു പറഞ്ഞു വീണ്ടും യാത്ര തുടങ്ങി.

(തുടരും)

No comments:

Post a Comment