Sunday, December 09, 2012

സ്വാമിയേ ശരണമയ്യപ്പാ…

 

“നീ വരുന്നുണ്ടോ ഇത്തവണ മലയ്ക്കു? ” -  സാബുവിന്‍റെ അപ്രതീക്ഷിതമായ ഈ ചോദ്യം കേട്ടു  ഒന്നു പകച്ചു പോയി. ശബരിമലക്കോ? ഒരു തയ്യാറെടുപ്പും ഇല്ലാതെയോ?  പിന്നെ കരുതി ഇതു ഒരു കണക്കിനു നല്ലതാണെന്ന്. മനസ്സിനും ശരീരത്തിനും ഒരു റെസ്റ്റ് ആവശ്യമായിരിക്കുന്നു. കുറച്ചു നാളത്തേക്ക് എങ്കിലും ‘പച്ച' മനുഷ്യന്‍ ആയി ജീവിക്കാമല്ലോ!!!

മനസ്സില്‍ ഇതൊക്കെ കൂട്ടിയും ഗുണിച്ചും ഇരിക്കുമ്പോള്‍ സാബുവിന്‍റെ അടുത്ത ഡയലോഗ്. “ആഹ്, നമുക്ക് അടുത്ത ആഴ്ച തന്നെ പോകണം. വേണേല്‍ ഇന്ന് തൊട്ടു വ്രതം സ്റ്റാര്‍ട്ട്‌ ചെയ്തോ”. 

ഇതാ പറഞ്ഞത് ഒരു മനുഷ്യന്‍ നന്നാകുന്നത് ആര്‍ക്കും ഇഷ്ടമല്ലെന്ന്. നാല്പത്തിയൊന്ന് ദിവസം കൊണ്ട് ഞാന്‍ നന്നാവുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. പക്ഷെ ഒരാഴ്ച്ച കൊണ്ടൊന്നും ഞാന്‍ നന്നാവില്ല.

ആഹ്, ചിലപ്പോ ഇതൊരു ക്രാഷ് കോഴ്സ് ആയി മാറിയാലോ? ഞാന്‍ സമ്മതിച്ചു. പക്ഷെ ഇന്ന് തൊട്ടു വ്രതം എടുക്കാന്‍ പറ്റില്ല. നാളെ മുതല്‍ സ്റ്റാര്‍ട്ട്‌ ചെയ്യാം. അളകാപുരിയിലെ ബീഫ്‌ ഡ്രൈ ഫ്രൈ ഇന്നു കൂടി ടേസ്റ്റ് ചെയ്തേ തീരു.

വേറെ ആരൊക്കെ ഉണ്ട്? നമ്മള്‍ എങ്ങനാ പോവുന്നേ? കരിമല ചവിട്ടുന്നുണ്ടോ? സാബു എത്രാമത്തെ തവണയാ മല ചവിട്ടുന്നെ? - BTRD (Business & Technical Requirement Document) കിട്ടിയ നിമിഷം തന്നെ shine ചെയ്യാന്‍ വേണ്ടി ചറ പറ ചീളു ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു മാതിരി ലീഡിനെ പോലെ ഞാന്‍ കുറെ ചോദ്യങ്ങള്‍ അങ്ങ് ചോദിച്ചു. ആത്മാവിനു നല്‍കി കൊണ്ടിരിക്കുന്ന പുകകള്‍ നീട്ടിയൂതി, അത് വകഞ്ഞു മാറ്റി, അന്‍വര്‍ സിനിമയില്‍ പ്രിത്വിരാജിന്റെ എന്‍ട്രി സീന്‍ ഓര്‍മിപ്പിക്കുന്ന വിധം ആ പുകപടലത്തിന്റെ ഇടയിലൂടെ പതുക്കെ സാബു മുന്നോട്ടു വന്നു. എന്നിട്ട് പറഞ്ഞു. “ ഞാന്‍ എന്തായാലും പോകുന്നുണ്ട്, പെട്ടി വരാമെന്നു പറഞ്ഞിട്ടുണ്ട്, നമ്മുക്ക് എന്‍റെ പീത്രയോ പെട്ടിയുടെ ഫിഗോയോ എടുക്കാം”

ക്ഷമിക്കണം, ‘പെട്ടി' എന്നത് എന്‍റെ സഹവീട്ടുകാരന്‍റെ വട്ട പേരാണ്. ആ പേരിന്‍റെ ഉത്ഭവം നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. അതെ, അത് തന്നെ. ‘പീത്ര’ എന്നത് ഫോര്‍ഡിന്റെ ഫിയെസ്റ്റ മോഡല്‍ ആണ്. 2 വയസ്സുകാരന്‍ കിച്ചൂസ് ( സാബു രണ്ടാമന്‍) അങ്ങനെയേ വിളിക്കൂ. അത് കൊണ്ട് ആ പേര് അങ്ങ് സ്ഥിരമായി.

“ഓക്കേ, ഞാന്‍ റെഡി. നാളെ മുതല്‍ വ്രതം തുടങ്ങാം”.  ഒരു തീര്‍ഥാടനത്തിലുമുപരി ഇതൊരു ടൂര്‍ പോലെയേ എനിക്ക് തോന്നിയുള്ളൂ. 41 ദിവസത്തെ വ്രതമില്ലാതെ, ഏതു സമയവും ചെരിപ്പ്‌ ധരിച്ചു, പേരിനു മാത്രം കറുപ്പ് ഉടുത്തു, നേരത്തും കാലത്തും കുളിച്ചു ജപിക്കാതെ എടുക്കുന്ന വ്രതം ഒരു തൃപ്തി തരില്ല എന്നുറപ്പാണ്. ഈശ്വരാ ഇത്തവണ പുലി പിടിക്കുമോ ? ഏയ്‌, ആ പഞ്ചായത്തില്‍ പോയിട്ട് ആ ജില്ലയില്‍ പോലും പേരിനു ഒരു പുലിയില്ല, പിന്നെങ്ങനെ പിടിക്കും.  ആശ്വാസമായി.

അങ്ങനെ പലവിധം സംഭവവികാസങ്ങളോടെ വ്രതം തുടങ്ങി. ‘ അത് നീ തന്നെ ആകുന്നു’ എന്ന് മനസ്സില്‍ ഉരുവിട്ട് ആ ആഴ്ച്ച നല്ല വൃത്തിയായി മുന്നോട്ടു നീങ്ങി. അവസാനം ആ D-Day വന്നെത്തി.

വൃശ്ചികമാസത്തിലെ ഒരു വ്യാഴാഴ്ച്ച ദിവസം. ഉച്ച വരെ ഓഫീസില്‍ പോയി പേരിനു എന്തൊക്കെയോ തട്ടിക്കൂട്ടി, ഓടി കിതച്ചു റൂമില്‍ എത്തി. റൂമില്‍ എത്തിയപ്പോള്‍ കണ്ടത് രണ്ടു പേര്‍ പരസ്പരം സിനിമ പേര് പറഞ്ഞു കളിക്കുന്നതാണ്. ‘അമ്മയാണെ സത്യം’ എന്ന സിനിമ തന്നെയാണ് രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു കൊണ്ടിരിക്കുന്നത്. ‘ഫൗള്‍ ഫൗള്‍’ എന്ന് പറഞ്ഞു കേറാന്‍ ചെന്നതാ ഞാന്‍. പിന്നെയാണ് സംഗതിയുടെ കിടപ്പുവശം മനസിലായത്.ആര് വണ്ടി എടുക്കും എന്നതിനെ ചൊല്ലി തല്ലു കൂടുകയാ. തങ്ങള്‍ വണ്ടി എടുക്കും എന്ന് പറഞ്ഞില്ലെന്നു പറഞ്ഞു സാബുവും പെട്ടിയും അങ്ങോട്ടും ഇങ്ങോട്ടും വാദിക്കുവാണ്.

“നമ്മള്‍ മലക്കു പോകുന്നുണ്ടോ” ? ആരെയും വേദനിപ്പിക്കാതെ ഞാന്‍ പതുക്കെ അവരോടു ചോദിച്ചു. ഉത്തരമില്ല!!!

“എടാ ടാസ്കി വിളിക്കെടാ, ടാസ്കി”- ഞങ്ങളുടെ ഡ്രൈവര്‍ ആവേണ്ടിയിരുന്ന മൊട്ട (നിതിന്‍) ചാടിക്കേറി അഭിപ്രായം പറഞ്ഞു. അഭിപ്രായം പറയാന്‍ ബഹു മിടുക്കനാ അവന്‍.  ഈ അഭിപ്രായം കേട്ടപ്പോള്‍ പൊട്ടിയ ലഡുവിന്‍റെ ഓരോ കഷണം നൊട്ടി നുണഞ്ഞു കൊണ്ട് പെട്ടിയും സാബുവും ഐക്യത്തോടെ ആ അഭിപ്രായം അംഗീകരിച്ചു.

ടാസ്കി എങ്കില്‍ ടാസ്കി. പക്ഷെ എവിടുന്നു കിട്ടും പെട്ടെന്നൊരു ടാസ്കി ? ആ വലിയ ചോദ്യത്തിനു മുന്നില്‍ പതറണോ വേണ്ടയോ എന്ന കണ്ഫൂഷനില്‍ എല്ലാരും മുഖത്തോട് മുഖം നോക്കി. പെട്ടെന്ന് ആരൊക്കെയോ എവിടെക്കെയോ മൊബൈലില്‍ ടച്ചി വിളിച്ചു ഒരു ടാസ്കി ഒപ്പിച്ചു.

സ്വാമിയേ ശരണമയ്യപ്പാ…….

അവസാനം ഞങ്ങള്‍ ശബരിമലക്കു പോകാന്‍ പോവ്വാ….

നൗഫല്‍ – ‘ഇന്‍ഡിക വിസ്ത’ എന്ന ടാറ്റായുടെ പഴയ മോഡല്‍ കാറിന്‍റെ മൊതലാളിയും തേരാളിയും അങ്ങനെ സകലമാനതും ആയ ഒരു 22 കാരന്‍, പുഞ്ചിരിച്ചു കൊണ്ട് ഞങ്ങളെ താഴെ കാത്തു നില്‍പ്പുണ്ടായിരുന്നു. കൊള്ളാം നല്ല ഒരു മതസൗഹാര്‍ദ്ര യാത്ര. നസ്രാണി പെട്ടിയും ‘നമ്മന്റെ ആളാ’യ നൌഫലും പിന്നെ രണ്ടു ഭയങ്കരന്മാരും. ആകെ കൂടി അവിയല്‍ മയം.

ക്രിസ്തുവിനെയും അള്ളയേയും അയ്യപ്പനെയും മനസ്സില്‍ ധ്യാനിച്ച്‌ ഞങ്ങള്‍ യാത്ര തുടങ്ങി.

കുറെനാള്‍‍ ഓട്ടോ ഓടിച്ചു ശീലിച്ചത് കൊണ്ടാവാം നൗഫല്‍ കാര്‍ ഡ്രൈവ് ചെയ്യുന്നതും ഓട്ടോ ഓടിക്കുന്ന സ്റ്റൈലില്‍. ഒരു കൊച്ചു തലയണ സീറ്റില്‍ വെച്ചു, പൈല്‍സ്‌ രോഗിയെ പോലെ ഒരു സൈഡ് മാത്രം സീറ്റില്‍ കൊള്ളിച്ചു, ഇടതു കൈ ചുമ്മാ കറക്കിക്കൊണ്ടാണ് അണ്ണന്‍ വണ്ടി ഓടിക്കുന്നത്. 

തൃപ്പൂണിത്തുറ,കടുത്തുരുത്തി, പാലാ, എരുമേലി വഴി പമ്പ പോകാനായിരുന്നു പ്ലാന്‍. ഇരുമ്പനത് കമ്പനി സ്വന്തമായി നടത്തുന്ന പെട്രോള്‍ പമ്പില്‍ നിന്നും ആവശ്യത്തില്‍ കൂടുതല്‍ ഇന്ധനവും അടിച്ചു യാത്ര തുടങ്ങി. ഇന്ധനത്തിന്‍റെ കുഴപ്പമാണോ അതോ വണ്ടിയുടെ കുഴപ്പമാണോ എന്നറിയില്ല ഓരോ ഗിയര്‍ മാറ്റുമ്പോളും വണ്ടി കിടന്നു വിറക്കുന്നു. ഡ്രൈവിംഗ് പഠിക്കുന്ന സമയത്തു കറക്റ്റ് ഗിയര്‍ ഇടാതെ വലിപ്പിക്കും പോലെ അത് കിടന്നു ചക്രശ്വാസം വലിക്കുകയാണ്.

“ഡേയ്, വണ്ടിക്കു എന്തെങ്കിലും പ്രശ്നം ഉണ്ടോടെയ്‌, എന്തിത്? കാളവണ്ടിയോ ? “

“80000 കി.മി ഓടിയ വണ്ടിയാണ്. ഇങ്ങനെ ഒക്കെ ഉണ്ടാകും”  പെട്ടെന്നു തന്നെ നൗഫല്‍ തിരിച്ചടിച്ചു. പിന്നെ വണ്ടി മേടിച്ചതിന്റെ കുറെ പഴംപുരാണങ്ങളും ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടി വന്നു. അവസാനം ചിന്നാര്‍ – മുന്നാര്‍ – കോതമംഗലം – കാക്കനാട്‌ – തൈക്കാവ്- ചിത്തേറ്റുകര വഴി പോയ ട്രിപ്പിന്റെ കുറെ വിവരണങ്ങളും. അപ്പോളേക്കും വണ്ടി എറണാകുളം ജില്ല വിട്ടിരുന്നു.

“മസാലദോശ - എവിടെ കിട്ടും നല്ല മസാലദോശ”? എല്ലാവര്‍ക്കും വിശക്കാന്‍ തുടങ്ങി. “ നൗഫലെ, നല്ല വെജിറ്റേറിയന്‍ ഹോട്ടല്‍ കണ്ടാല്‍ ചവിട്ടിക്കോ. വല്ലതും കഴിച്ചിട്ട് പോകാം”. എന്തേ ഇത്രയും വൈകിയത് പറയാന്‍ എന്ന ചിന്തയോടെ സന്തോഷത്തോടെ നൗഫല്‍ തലയാട്ടി കൊണ്ടിരുന്നു.

“പാലാഴി – ക്ലാസ് വെജ്” – പെട്ടി എവിടെ നിന്നോ കണ്ണട ഇല്ലാതെ ഒരു പേര് വായിച്ചെടുത്തു. കൊള്ളാം, നല്ല പേര്. അപ്പൊ കിടിലന്‍ ആയിരിക്കും. മേയിദീനെ, വണ്ടി പോകട്ടെ പാലാഴിക്കു. നേരാംവണ്ണം ഓടിക്കൊണ്ടിരുന്ന വണ്ടിയെ ഗിയര്‍ മാറ്റി വീണ്ടും വലിപ്പിച്ചു കൊണ്ടു യാത്ര തുടര്‍ന്നു. അവസാനം പാലാഴിക്കു മുന്നില്‍ സഡന്‍ അടിച്ചു വണ്ടി എങ്ങനെയോ നിര്‍ത്തി.

“ചേട്ടാ, ആദ്യം രണ്ടു പരിപ്പുവട, മൂന്നു ചായ പിന്നെ ഒരു കാപ്പിയും പോരട്ടെ. ബാക്കിയുള്ളത് പിന്നെ പറയാം”. ഹോട്ടലിലെ ടീവിയില്‍ ടെന്‍ സ്പോര്‍ട്സ്‌ ആയിരുന്നു. അതിലാണേല്‍ തടിയന്മാരുടെ റെസ്ലിംഗ്. ഹോട്ടല്‍ മൊതലാളി അടക്കം എല്ലാ മഹാന്മാരും അതില്‍ മുഴുകി ഇരിപ്പാണ്. കൈകൊട്ടി വിളിച്ചിട്ടും ആരും മൈന്‍ഡ് ചെയ്യുന്നില്ല. എന്തോന്നിത് ???

നിങ്ങള്‍ ഈ തന്തൂരി ചായ അല്ലെങ്കില്‍ വേവിച്ച ചായ കുടിച്ചിട്ടുണ്ടോ ? ഇല്ലേല്‍ ഇവിടെ വന്നാല്‍ മതി, നന്നായി പുകച്ചു വേവിച്ച ചായ ഇവന്മാര്‍ തരും.

“ചേട്ടോയ്‌, നാല് മസാലദോശ തരാമോ?”. എവിടെ, ആര് കേള്‍ക്കാന്‍ ? എല്ലവന്മാരും ഗുസ്തിയില്‍ മുഴുകി ഹരം പിടിച്ചിരിക്കുവാ. മുതലാളി ആണേല്‍ തല തല്ലി കിടന്നു ചിരിക്കുവാ. അവസാനം ഉച്ചത്തില്‍ കിടന്നു കാറിയപ്പോള്‍ ഒരുവന്‍ അകത്തു പോയി ഓര്‍ഡര്‍ കൊടുത്തിട്ട് വീണ്ടും ഓടി വന്നു ഗുസ്തിയില്‍ മുഴുകി. കിച്ചനില്‍ ടീവി ഇല്ലെന്നു തോന്നുന്നു. സാധനം പെട്ടെന്നു കിട്ടി. കൊള്ളം, നല്ല ചിക്കന്‍ മസാല ഇട്ട മസാലദോശ.

“അയ്യപ്പാ, നീ ഞങ്ങളെ പരീക്ഷിക്കുവാണോ?“.

അങ്ങനെ കോട്ടയം ജില്ലയിലെ വേവിച്ച ചായയും ചിക്കന്‍ മസാല വിതറിയ  മസാലദോശയും കഴിച്ചു വീണ്ടും യാത്ര തുടങ്ങി. ഭക്ഷണം കഴിച്ചാല്‍ ആത്മാവിന് ഒരു പുക ചിലര്‍ക്ക് നിര്‍ബന്ധമാണ്. “മലക്ക്‌ പോവുവല്ലേ, വെറുതെ വലിക്കണോ? അല്ലേലും  മല കയറാനുള്ളതാ, വലിച്ചാല്‍ പിന്നെ ക്ഷീണം കൂടും, വെറുതെ പുകച്ചു പടം ആവേണ്ട“, ഞാന്‍ ഉപദേശിച്ചു. ‘ഏയ്‌, കുഴപ്പമൊന്നും ഇല്ലെടോ, പത്തു പതിനഞ്ചു വര്‍ഷം മലയ്ക്ക് പോയിട്ടുള്ള ആളാ ഞാന്‍. സന്നിധാനത്ത് വെച്ച് ഞാന്‍ വലിച്ചിട്ടുണ്ട് പിന്നാ പോകുന്ന വഴിക്ക്”, മഹാന്‍റെ അതി മനോഹരമായ സത്യം നിറഞ്ഞ മറുപടി.  

“വരാനുള്ളത്‌ വഴിയില്‍ തങ്ങില്ല”, എന്ന ഗദ്ഗദത്തോടെ ഞാനും പെട്ടിയും കാറില്‍ കയറി. പോകുന്ന വഴിക്ക് എവിടെ നിന്നെങ്കിലും ‘സാധനം’ മേടിക്കാം എന്ന് വെച്ചു. നൗഫല്‍ അപ്പോള്‍ അവിടെ നിന്ന് എന്തോ അന്വേഷിക്കുവായിരുന്നു. പിന്നെ ഓടി വന്നു ഡ്രൈവിംഗ് തുടങ്ങി. അങ്ങനെ ചടുകുടു വണ്ടി വീണ്ടും ഉരുണ്ടു തുടങ്ങി.

“ചേട്ടാ, ദേണ്ടെ അവിടെ കാണും”,  നൗഫലിന്റെ പറച്ചില്‍ കേട്ട് ഞങ്ങള്‍ക്ക് ഒന്നും മനസിലായില്ല.

“എന്ത് കാണും എന്നാടെ പറയുന്നേ  ? ”.

“സിഗരറ്റ്"

അപ്പോളാണ് സിഗരറ്റ് വലിക്കണം എന്ന സംഭവം സാബുവിന് ഓര്‍മ വന്നത്. മറന്നിരിക്കുവായിരുന്നു പാവം. അല്ലെങ്കിലും ഇതൊക്കെ വേറെ ആരെങ്കിലും ഓര്‍മിപ്പിച്ചാലെ നമ്മള്‍ ഓര്‍ത്തിരിക്കാരുല്ലല്ലോ. സിനിമ തിയേറ്ററില്‍ ഇന്‍റര്‍വല്ലിനു ‘പുകവലി പാടില്ല’ എന്ന് പരസ്യം കാണുമ്പോളാണ് കീശയില്‍ സിഗരറ്റ് ഉള്ള കാര്യം പലര്‍ക്കും ഓര്‍മ വരുന്നതും ഓടി ചെന്ന് ഒരു പുക എടുക്കുന്നതും.

“ ഡാ, ഇവിടെ അടുപ്പിച്ചോ, നമുക്ക് അവിടുന്ന് തന്നെ മേടിക്കാം”. കീ കീ കിര്‍…. നടുറോട്ടില്‍ ഒരു കിടിലന്‍ സഡന്‍ ബ്രേക്ക്. ഇതാണ് ഓട്ടോ ഓടിച്ചു നടന്നവന്‍ കാര്‍ ഓടിച്ചാലുള്ള കുഴപ്പം.

“ഡേയ്, മ മ മനുഗുനാപ്പ, ( ശബ്ദം താഴ്ത്തി “സ്വാമിയെ ശരണമയ്യപ്പാ”) ,  ഇങ്ങനാണോഡാ വണ്ടി സൈഡ് ആക്കുന്നതു. ചേര്‍ത്ത് സൈഡാക്കി നിര്‍ത്തെടാ” എല്ലാരും ഒരേ ശബ്ദത്തില്‍ അലറി.

സ്ഥലം ഏതെന്നു അറിയില്ല, ഒരു സ്റ്റേറ്റ് ഹൈവേ ആണ്. വളരെ ചെറിയ റോഡ്‌ ആണ്. ഒന്നാമതേ രോഗിണി, അതിന്‍റെ കൂടെ ഗര്‍ഭിണി കൂടി എന്ന് പറഞ്ഞത് പോലെ, വളരെ ചെറിയ റോഡ്‌ അതിനാണേല്‍ ചറപറ ഹമ്പും. ലക്ഷണമൊത്ത ഒരു ഹമ്പിനു സൈഡില്‍ വണ്ടി ചേര്‍ത്തു നിര്‍ത്തി രണ്ടാളും കൂടി സാവധാനം സാധനം മേടിക്കാന്‍ ഇറങ്ങി. ഞാന്‍ മുന്‍പിലെ സീറ്റിലും പെട്ടി പുറകിലുമായിരുന്നു. എന്തേ എന്നറിയില്ല റോഡില്‍ പെട്ടെന്ന് നല്ല തിരക്കായി. സമയം ഏകദേശം ഏഴു മണിയായിക്കാണും. ഇരുട്ടായി തുടങ്ങിരുന്നു. ഞങ്ങളുടെ വണ്ടിയുടെ പുറകില്‍ ഒരു വലിയ ക്യൂ. നടുറോട്ടില്‍ വണ്ടി ഇട്ടതു കാരണം നല്ല ഒരു ബ്ലോക്ക്‌ ഉണ്ടാക്കാന്‍ ഞങ്ങളെ കൊണ്ടു പറ്റി. കടന്നു പോകുന്ന വണ്ടിയിലെ ഡ്രൈവര്‍മാര്‍ ഞങ്ങളെ നോക്കി വല്ലതും പറയുന്നുണ്ടോ? ഇല്ലായിരിക്കും. വ്രതത്തില്‍ ആയതിനാല്‍ അവര്‍ പറഞ്ഞതൊന്നും മനസിലായില്ല. ആരെയും ഞങ്ങള്‍ പിണക്കിയില്ല. എല്ലാവര്‍ക്കും ഒരു നല്ല ചിരി ഞങ്ങള്‍ സമ്മാനിച്ചു. ‘വിനോദയാത്ര’യില്‍ ദിലീപ്‌ നടുറോട്ടില്‍ ഇട്ടേച്ചു പോയ നെടുമുടിയെ പോലെയായി ഞങ്ങള്‍.

അവസാനം സാധനം ഒപ്പിച്ചു അവന്മാര്‍ വന്നു വീണ്ടും യാത്ര തുടര്‍ന്നു. ഏകദേശം ഒരു അര മണിക്കൂര്‍ ആയിക്കാണും. ദേണ്ടെ, വിശപ്പിന്‍റെ വിളി വീണ്ടും. “മേയിദീനെ,  എബിടെലും ചായ പീടിക കണ്ടാലു ഇജ്ജു ഒന്നു അബ്ടെ ചവിട്ടിയേരെ”. അതിനും നല്ല ഒരു വഷളന്‍ ചിരി ചിരിച്ചു നമ്മുടെ ഡ്രൈവര്‍ മഹാന്‍ വണ്ടി ചവിട്ടി വിട്ടു.

ഒരു റബ്ബര്‍ എസ്റ്റേറ്റിന്‍റെ സൈഡിലായി ഒരു ചെറിയ സെറ്റ്‌ അപ്പില്‍ രണ്ടു ചായ കട. വീണ്ടും പഴയ പോലെ നടുറോട്ടില്‍ വണ്ടി സഡന്‍ അടിച്ചു നിന്നു. “ഇവനെ എന്തു ചെയ്യണം അയ്യപ്പാ, പിടിച്ചു പുലിക്ക് കൊടുത്താലോ”. വെറുതെ പുലിയെ ഡെസ്പ്പു അടിപ്പിക്കെണ്ടല്ലോ എന്നു കരുതി വിട്ടു കളഞ്ഞു. അവിടെ കുറച്ചു പയ്യന്മാര്‍ ചേര്‍ന്ന് നടത്തുന്ന ഒരു കടയിലേക്ക് കയറി.

“ചേട്ടാ, രണ്ടു ചായ, ഒരു കാപ്പി”

പറഞ്ഞു തീര്‍ന്നതും ഒന്നു രണ്ടു പേര്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. ഒരാള്‍ വിറകെടുക്കുന്നു, മറ്റൊരാള്‍ മണ്ണെണ്ണ ഒഴിച്ചു തീ കൂട്ടുന്നു, വേറൊരാള്‍ പാലിന്‍റെ കവര്‍ പൊട്ടിക്കുന്നു. ഭലേ ഭേഷ്‌, എന്തൊരു താളാത്മകം. അങ്ങനെ ഒരു പത്തു പതിനഞ്ചു മിനിറ്റ് കൊണ്ടു എല്ലാം കിട്ടി.

അറിയാന്‍ മേലാത്തത് കൊണ്ടു ചോദിക്കുവാ, ഈ കോട്ടയം ജില്ലയില്‍ ചായ ഒക്കെ വേവിച്ചാണോ കുടിക്കാറു.

“ഇനി ചായയും വേണ്ട കോപ്പും വേണ്ട. മച്ചൂ, വണ്ടി എങ്ങാനും എരുമേലി എത്താതെ നിര്‍ത്തിയാല്‍, നിന്നെ എയറില്‍ ആക്കും. നേരെ വിട്ടോ എരുമേലിക്കു”. അനുസരണയുള്ള ഒരു കുട്ടിയെ പോലെ എല്ലാം കേട്ട് നൗഫല്‍ വീണ്ടും വണ്ടി ഉരുട്ടി തുടങ്ങി.

എരുമേലി -  അവസാനം എത്തി. ശബരിമല തീര്‍ഥാടനത്തിന്‍റെ സമയം തുടങ്ങിട്ടെ ഉള്ളൂ. അതാണ്‌ തിരക്ക് കുറവ്. എന്നാലും ആകെ ഒരു ഉത്സവ മേളം. ശരണം വിളികളാലും ചെണ്ട മേളങ്ങളാലും ശബ്ദമുഖരിതമായിരുന്നു എരുമേലി. ധാരാളം വര്‍ണങ്ങള്‍ വാരി പൂശി, തലയിലും ശരീരത്തിലും വിവിധതരം തോരണങ്ങളും അണിഞ്ഞു  പേട്ട തുള്ളുന്ന അയ്യപ്പന്മാര്‍, കന്നി അയ്യപ്പന്മാര്‍ക്ക് അകമ്പടിയുമായി മറ്റു അയ്യപ്പന്മാര്‍, അയ്യപ്പന്മാര്‍ക്ക് ചെണ്ടമേളത്തിന്‍റെ അകമ്പടി നല്‍കുന്ന വിദ്വാന്മാര്‍, ഇതിന്‍റെ ഒക്കെ ഇടയിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ ഉണ്ടാക്കുന്ന ശബ്ദങ്ങള്‍…. മൊത്തം ബഹു ഭേഷ്‌…

“ഡേയ്, നമുക്കു മാല ഇടെണ്ടേ?”

ആഹ, ശരിയാണല്ലോ. മാലയിടണം. അങ്ങനെ മൂന്നു മാലയും മൂന്നു തേങ്ങയും മേടിച്ചു. അയ്യപ്പനെ മനസ്സില്‍ ധ്യാനിച്ച്‌ മാല കഴുത്തില്‍ അണിഞ്ഞു, തേങ്ങ ഉടച്ചു ഒഫിഷ്യല്‍ ആയി മാല ഇട്ടു. എന്നിട്ട് നേരെ വാവരെ ഒന്നു വലം വെച്ച് ശാസ്താവിന്‍റെ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചു.

“ഇനി വണ്ടി നേരെ പമ്പക്ക് പോട്ടെ”

എന്തേ, എന്നറിയില്ല. അവിടെ നിന്നും അങ്ങോട്ട്‌ നൗഫലിന്റെ ഡ്രൈവിംഗ് അക്രമം ആയിരുന്നു. കുറെ കാടു വഴിയൊക്കെ കടന്നു വേണം പോകാന്‍. ആവശ്യത്തില്‍ കൂടുതല്‍ വളവും തിരിവും ഒക്കെ ഉള്ള റോഡ്‌. വണ്ടി നല്ല സ്പീഡില്‍ ആണ് പോയിക്കൊണ്ടിരിക്കുന്നത്. നേരത്തെ പറഞ്ഞ കാളവണ്ടി തന്നെയാണോ ഇതു?

“അയ്യോ, സ്റ്റിയരിങ്ങു തീര്‍ന്നിട്ടും വളവു ബാക്കി”- നൗഫല്‍ നിലവിളിച്ചു.

“ഡേയ്, അതിനാടെയ് നടുവില്‍ ബ്രേക്ക്‌ എന്നു പറയുന്ന സാധനം. പതുക്കെ പോയാലും നമ്മള്‍ അവിടെ എത്തും”

അങ്ങനെ എങ്ങനെയോ ഞങ്ങള്‍ പമ്പയില്‍ എത്തി. പാര്‍ക്കിംഗ് ത്രിവേണിയില്‍ തന്നെ കിട്ടിയതു കുറച്ചു ആശ്വാസമായി.

“നൗഫലേ, ഒരു മൂന്നു നാലു മണിക്കൂറിനുള്ളില്‍ ഞങ്ങള്‍ തിരിച്ചു എത്തും. അതു വരെ താന്‍ ഉറങ്ങിക്കോ. തിരിച്ചും വണ്ടി ഓടിക്കാനുള്ളതാ”.

എല്ലാം മൂളിക്കേട്ടു അണ്ണന്‍ കാറില്‍ തന്നെ ഇരുന്നു. തോര്‍ത്തും അത്യാവശ്യം കാശും എടുത്തു ഞങ്ങള്‍ മല കയറാന്‍ യാത്രയായി.

 

(പമ്പ നീരാട്ട്, മലകയറ്റം, സന്നിധാനം, മലയിറക്കം, തിരിച്ചു വരവ് – തുടരും)

Sunday, December 25, 2011

ഈ ആടുജീവിതം കേരളത്തിലുണ്ടാവുമോ ?


“ഭയ്യാ, യഹാം സേ ധോഡാ”
“ഓര്‍ യഹാം സേ കുച്ച് സ്യാദാ”.
“ലേകിന്‍ , ആഗേ സേ സ്യാദാ മത് കാട്ട്“
          ക്ഷമിക്കണം, എനിക്ക് ഈ ഹിന്ദി അത്ര വശം ഇല്ല. പക്ഷെ ഈയിടെയായി ഹിന്ദി പഠിച്ചില്ലെങ്കില്‍ പണി പാളും എന്നു മനസിലായത് കൊണ്ടാണ് അത്യാവശ്യം കുറച്ച് ഹിന്ദി വാക്കുകള്‍ പഠിച്ചു വെക്കുന്നത്.  അല്ലെങ്കില്‍ ബാര്‍ബര്‍ ഷോപ്പില്‍ ചെന്നാല്‍ നമ്മള്‍ വിചാരിക്കുന്നത് പോലെ തിരിച്ച് ഇറങ്ങാന്‍ പറ്റില്ല. കേരളത്തില്‍ ’ക്ഷൌര്യം’ എന്ന പരമ്പരാഗത തൊഴില്‍ ചെയ്യുന്നവര്‍ വളരെ കുറഞ്ഞു വരികയാണ്. ആ സ്ഥാനത്തേക്ക് ഇപ്പോള്‍ ഇന്ത്യയുടെ വടക്കു നിന്നും വന്നവര്‍ കുതിച്ചു കയറുകയാണ്. “മുജ്ജെ ഹിന്ദി മാലൂം ഉം ഉം “എന്നു പറഞ്ഞിട്ട് ഒരു കാര്യവുമില്ല. വേഗം പഠിച്ചോളൂ….

           ഒരു കാലത്ത് അര്‍ബാബുമാര്‍ മലയാളം പഠിച്ചു തുടങ്ങിയിരുന്നു.

           ‘ആട് ജീവിതം’ - ബെന്ന്യാമിന്‍ രചിച്ച ആ മനോഹര സാഹിത്യത്തിന്‍റെ ഒരു മുഴു ആരാധകനാണ് ഞാന്‍. ഒരു നോവല്‍ തികച്ചു വായിക്കുമെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയതല്ല, ചെറുതായി വായന ഒക്കെ തുടങ്ങിയപ്പോള്‍ കുറച്ചു പുസ്തകമൊക്കെ മേടിക്കാന്‍ തുടങ്ങിയിരുന്നു. അങ്ങനെ കൊച്ചിയില്‍ 'Blossoms’ ഒരു Book fair തുടങ്ങി എന്നു കേട്ടപ്പോള്‍ ചുമ്മാ പോയി ഒന്ന് രണ്ടെണ്ണം മേടിച്ചു. എല്ലാം പ്രശസ്തരായ എഴുത്തുകാരുടെ ‘പ്രിയപ്പെട്ട കഥകള്‍’. അതാകുമ്പോള്‍ കുറച്ചു വായിച്ചാല്‍ മതിയല്ലോ? മുഴുവന്‍ കഥയും കഥാതന്തുവും കിട്ടിക്കോളും.

           അപ്പോഴാണ്‌ ഷെറഫ്‌ സാര്‍ ( എന്‍റെ സഹപ്രവര്‍ത്തകനാണ്) പറഞ്ഞത് , “ഒരു ഗംഭീര നോവല്‍ ഉണ്ട്, ആടുജീവിതം. കിട്ടിയാല്‍ മേടിച്ചു വായിച്ചോ”. പിന്നൊരു ദിവസം ടൌണില്‍ പോയപ്പോള്‍ നേരെ ‘Blossoms’ ല്‍ പോയി കേള്‍ക്കാന്‍ സുഖമുള്ള പേരുള്ള കുറെ ബുക്കുകള്‍ മേടിച്ചു. കൂട്ടത്തില്‍ ഈ പറഞ്ഞ ‘ആടുജീവിത'വും. ‘ആടു ജീവിതം' - ഈ പേര് കേട്ടപ്പോള്‍ ഏതോ ബുദ്ധി ജീവികള്‍ക്ക് മാത്രം മനസിലാകുന്ന പുസ്തകമായിരിക്കും എന്ന് കരുതി. പിന്നെ കവര്‍ ചിത്രമായി ഒരാളുടെ കാരിക്കേച്ചറും. എന്തോ, എനിക്ക് അത്ര ബോധിച്ചില്ല. ‘First impression is the best impression’ എന്നാണ് ‘Personality Development’ പഠിപ്പിച്ച സാര്‍ പറഞ്ഞിട്ടുള്ളത്. ആദ്യ നോട്ടത്തില്‍ പ്രണയം വരാത്തതിനാല്‍ അവനെ ( ആടുജീവിതം എന്ന പുസ്തകത്തെ),  വായിക്കാനുള്ള പുസ്തകനിരയില്‍ അവസാനം നിര്‍ത്തി.

           എല്ലാ മാസവും രണ്ടു തവണയുള്ള വടകര – എറണാകുളം 5 മണിക്കൂര്‍ ട്രെയിന്‍ യാത്ര, വല്ലപ്പോഴുമുള്ള അല്ലറ ചില്ലറ മറ്റു ട്രെയിന്‍ യാത്രകള്‍ - ഇതൊക്കെയാണ് വായനയുടെ ലോകത്തേക്ക് എന്നെ കൊണ്ട് പോകുന്ന സമയം. മലയാളം പുസ്തകമായത് കൊണ്ട് തന്നെ, അടുത്ത് ഇരുക്കുന്നവന്‍ ഒരു ജാഡക്കാരനാനെന്നു മറ്റു യാത്രക്കാര്‍ക്ക് തോന്നത്തുമില്ല. വായിച്ചു തുടങ്ങിയാല്‍ പിന്നെ സമയം പോകുന്നത് തീരെ അറിയത്തില്ല. അതിനാല്‍ ഒറ്റക്കുള്ള യാത്രകളില്‍ ഒരു മികച്ച വിനോദോപാധിയായി മാറി എനിക്ക് ഈ വായന. കൊല്ലത്തേക്കുള്ള ഒരു ട്രെയിന്‍ യാത്രയിലാണ് ഞാന്‍ ‘ആടുജീവിതം’ വായിക്കാന്‍ തുടങ്ങിയത്.

           എങ്ങനെ പറയണം എന്നറിയില്ല, അതി മനോഹരമായ സൃഷ്ടി. ഓരോ അധ്യായമായാണ് ഇതിലെ ഓരോ ഏടുകളും. വായിച്ചു തുടങ്ങി, അദ്ധ്യായം ഒന്ന്, രണ്ടു, മൂന്നു, …. പതിമൂന്ന്. പുസ്തകത്തില്‍ നിന്നും ചുമ്മാ ഒന്ന് പുറത്തേക്കു കണ്ണോടിച്ചതാണു, നോക്കുമ്പോള്‍ കൊല്ലം ജംഗ്ഷന്‍ ബോര്‍ഡ്‌. ശെ, കൊല്ലമെത്തി. ഇത്ര പെട്ടെന്നൊ, അല്ലെങ്കില്‍ ഒന്നും രണ്ടും മണിക്കൂര്‍ വൈകി എത്താറുള്ള ട്രെയിനുകളാ, ഇന്ന് കറക്റ്റ് സമയത്തിന് എത്തി. ഏതായാലും പതിമൂന്നില്‍ എത്തിയതല്ലേ ഉള്ളൂ, കുഴപ്പമില്ല. ഒന്ന് റീവൈന്‍ഡ് ചെയ്തു തുടങ്ങാവുന്നതെ ഉള്ളൂ. പക്ഷെ ഒരു  റീവൈന്‍ഡ് വേണ്ടി വരുമെന്ന് തോന്നുന്നില്ല. ഒരു സിനിമ എന്ന പോലെ അദ്ധ്യായം 13 വരെ എന്‍റെ മനസിലുണ്ട്.

            ഇത്ര വായിച്ചപ്പോള്‍ തന്നെ ആരുടെയൊക്കെയോ വിഷമം എന്‍റെ കൂടെ വിഷമമായി എന്നെ അലട്ടുന്നുണ്ടായിരുന്നു. എന്തെങ്കിലും ചെയ്തു തീര്‍ക്കാന്‍ ബാക്കി ഉണ്ടെങ്കിലും വല്ല പ്രശ്നവും ഉണ്ടെങ്കിലും മനസ്സ് ഭയങ്കര അസ്വസ്ഥമായിരിക്കും. അത് തീരുന്നത് വരെ ചുമ്മാ അത് അലട്ടികൊണ്ടിരിക്കും. അത് പോലെ , ഈ കഥയിലെ എന്തൊക്കെയോ സംഭവങ്ങള്‍ എന്നെ അലട്ടുന്നുണ്ടായിരുന്നു. കഥയല്ലേ, എന്തോന്ന് പ്രശ്നം എന്ന് പല തവണ സ്വയം പറഞ്ഞു നോക്കി. ഒരു രക്ഷയുമില്ല.

            ഒരു കുടുംബത്തിന്‍റെ മൊത്തം പ്രതീക്ഷയുമേറി കടല്‍ കടന്നു എണ്ണകളുടെ നാട്ടിലെത്തുന്ന  ‘പ്രവാസികള്‍’ എന്ന വിളിപേരുള്ള ഒരു വിഭാഗത്തിന്‍റെ കഷ്ടതകളും യാതനകളും എന്തോക്കെയാണെന്ന് അറിഞ്ഞിരുന്നില്ല. ഗള്‍ഫ്‌ – ഭൂമിയിലെ സ്വര്‍ഗം എന്ന് കേട്ടാണ് ഞാനൊക്കെ വളര്‍ന്നത്‌. വിദ്യാഭ്യാസ യോഗ്യത അധികം ഇല്ലാതെ, തട്ടി മുട്ടി വിസ എടുത്തു വിദേശത്തേക്ക് പോകുന്ന വിഭാഗത്തിനാണ് ഈ കഷ്ട്ടപ്പാട് ഒക്കെയും. ഇതു തന്നെയല്ലേ ഇന്നു നമ്മുടെ കേരളത്തിലും സംഭവിക്കുന്നത്. ബംഗാളില്‍ നിന്നും ആസ്സാമില്‍ നിന്നും ജോലി തേടി കേരളത്തിലേക്ക് ഒഴുകി വരുന്ന ഒരു ജനവിഭാഗത്തിന്‍റെ കാഴ്ചയാണ് ഇപ്പോള്‍ ഇവിടെ.

            ബാര്‍ബര്‍ ഷോപ്പ്, കെട്ടിട നിര്‍മ്മാണം, ഹോട്ടല്‍ എന്ന് വേണ്ട ഒട്ടുമിക്ക മേഖലകളിലും ഇവര്‍ ഇവരുടെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ദിവസവേതനം വളരെ കുറവ് ആയതിനാല്‍ തന്നെ എല്ലാവരും, പ്രത്യേകിച്ച് കോണ്‍ട്രാക്ടര്‍മാര്‍ ഇവരെ കൂടുതല്‍ ഡിമാണ്ട് ചെയ്യുന്നു. നമ്മുടെ കേരളം ഒരു കൊച്ചു ഗള്‍ഫാകാന്‍ പോകുന്നു. പക്ഷെ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ ഗള്‍ഫിലെ പോലെ ദൈവത്തിനു നിരക്കാത്തത് നടക്കുമോ ? ഇല്ലെന്നു വിശ്വസിക്കുന്നു. ഉണ്ടാവരുതേ എന്ന് പ്രാര്‍ത്ഥിക്കാം, പ്രവര്‍ത്തിക്കാം. അല്ലെങ്കില്‍ മങ്ങിയ കാഴ്ചകള്‍ മായ്ക്കാന്‍ കണ്ണടയുമായി ഒരാള്‍ വരേണ്ടി വരും…….

തുടരും…..

Saturday, December 03, 2011

ഒരു വാരാന്ത്യാഘോഷം (One Weekend Celebration)

 

                     അഞ്ചു ദിവസത്തെ ജോലി, ശേഷം രണ്ടു ദിവസത്തെ വിശ്രമം. ആ രണ്ടു ദിവസത്തിനു വേണ്ടിയാണോ അഞ്ചു ദിവസം ജോലി ചെയ്യുന്നത് എന്നു പലപ്പോഴും തോന്നാറുണ്ട്. എല്ലാ വെള്ളിയാഴ്ചയും വരാറുള്ളത് പോലെ ‘Happy Weekend’ മെയിലും ഫേസ്ബുക്ക്‌ പോസ്റ്റും ധാരാളം വന്നു തുടങ്ങി. പക്ഷെ എനിക്ക് ഈ വാരാന്ത്യം എന്നു കേള്‍ക്കുമ്പോള്‍ പ്രധാനമായും 2 കാര്യങ്ങളാണ് മനസിലെത്തുക. ആദ്യത്തേത് വന്‍സംഭവമായ, സിനിമ കാണല്‍. രണ്ടാമത്തേത് ഏതൊരു ബാച്ചിലേരിന്‍റെയും പേടി സ്വപ്നവും ഉള്‍ക്കിടിലവുമായ, ‘അലക്കല്‍’. ഒരു Washing machine  മേടിച്ചാലോ എന്നു ഞാനും പെട്ടിയും ( എന്‍റെ സുഹൃത്തിന്‍റെ വട്ടപേരാണത് )  കൂടി ആലോചിച്ചതാണ്. പിന്നെ ഓര്‍ത്തപ്പോള്‍ ആകെ ഉള്ള ഒരു വ്യായാമം ഈ പറഞ്ഞ അലക്കല്‍ മാത്രമേ ഉള്ളൂ. അത് കൊണ്ട് ആ പ്ലാന്‍ കളഞ്ഞു.

                     സലിം കുമാര്‍ പറയുംപോലെ ‘ആചൂച്ച്വല്‍’ അന്നും മനോഹരമായ ഒരു വാരാന്ത്യം വന്നെത്തി. ഈ weekend എന്ത് ചെയ്യണം എന്ന് ആലോചിച്ചു കുരു പൊട്ടി ഓഫീസില്‍ ഇരിക്കുമ്പോളാണ് വെറുതെ google map  എടുത്തു കേരളത്തിന്‍റെ മാപ്പ് എടുത്തു നോക്കിയത്. എറണാകുളത്തിനടുത്തുള്ള ഒട്ടു മിക്ക സ്ഥലവും കറങ്ങി കഴിഞ്ഞു. Zoom in & Zoom out ചെയ്തു കുറെ സ്ഥലങ്ങള്‍ നോക്കി. പൊള്ളാച്ചി…. കൊള്ളാം, കാട്ടിലൂടെ ഒരു യാത്ര. അതും എന്‍റെ പുതിയ ബുള്ളറ്റില്‍…. രോമാഞ്ചം രോമാഞ്ചം…

                       കയ്യില്‍ പുതിയ എന്‍ഫീല്‍ഡ് വന്നിട്ട് ഒരാഴ്ച്ച ആയതേ ഉള്ളൂ. ബുളെളറ്റിനെ കുറിച്ച് കുറെ പറയാനുണ്ട്. പക്ഷെ ഇപ്പോള്‍ പറഞ്ഞാല്‍ ശരിയാവില്ല. പിന്നീടൊരിക്കല്‍ ആകട്ടെ.

അതൊക്കെ പോട്ടെ, നമ്മള്‍ പറഞ്ഞു വന്നത് , yes പൊള്ളാച്ചി യാത്ര. ശരി എങ്കില്‍ അങ്ങോട്ടവട്ടെ അടുത്ത യാത്ര. കമ്പനിക്ക്‌ ആരെ കിട്ടും ? തനിച്ചു പോയാലോ ? പെട്ടി വീട്ടില്‍ പോകും അതിനാല്‍ അവന്‍ വരില്ല. ഇത്തു ( എന്‍റെ കസിനാണ്, യഥാര്‍ത്ഥ പേര് ജിനീഷ്, വീട്ടുകാര്‍ ജിത്തു എന്നും ഞാന്‍ ഇത്തു എന്നും വിളിക്കും ) നാട്ടില്‍ പോകുവാ എന്നാ പറഞ്ഞേ. അവനെയും കിട്ടില്ല. ആഹ്, എന്തെങ്കിലും ആവട്ടെ, ഞാന്‍ പോവും, ഉറപ്പിച്ചു.                   

                       വൈകീട്ട് ടൌണ്‍ വരെ പോകണമെന്ന് ജിത്തു പറഞ്ഞിരുന്നു. ഓഫീസ് കഴിഞ്ഞു നേരെ താമസിക്കുന്ന  K C Apartment ലേക്ക് പോയി പതിവ് ചായ + മിക്സ്ചര്‍ + കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കിലെ തോമാച്ചന്‍ & ജെറിച്ചായാന്‍ കഴിഞ്ഞു നേരെ ജിത്തുവിനേയും കൂട്ടി ടൌണില്‍ പോയി. കോപ്പന്‍ , അവനൊരു കൂറ ഹെഡ്സെറ്റ്‌ മേടിക്കണമെന്നു, അതിനാണ്. നേരെ Penta Menaka യില്‍ പോയി ഒരു കിടിലന്‍ ക്വാളിറ്റി ഹെഡ്സെറ്റ്‌ മേടിച്ചു, 150 രൂപയ്ക്കു. എത്ര കാലം നില്ക്കുമോ ആവോ? ആര്‍ക്കാണെന്ന് ചോദിച്ചപ്പോള്‍ പറയുവാ, ഇത് അവന്‍റെ ഓഫീസിലെ ഒരു കിളിക്കാനെന്നു. ക്ഷമിക്കണം നല്ല സുന്ദരികളെ ഞങ്ങള്‍ അഥവാ ഞാന്‍ ‘കിളികള്‍' എന്നാണ് വിശേഷിപ്പിക്കാറ്.

                      ഹെഡ്സെറ്റും മേടിച്ചു നേരെ അടുത്ത ദിവസത്തെ അതിരാവിലത്തെ ട്രെയിനിനുള്ള ടിക്കറ്റ്‌ മേടിച്ചു നേരെ അവന്‍റെ റൂമിലെത്തി. സാധാരണ ബാച്ചിലര്‍മാര്‍ താമസിക്കുന്ന വീടിനേക്കാള്‍ വൃത്തിയായി ഇവന്മാര്‍ വീട് സൂക്ഷിച്ചിട്ടുണ്ട്. വരാന്ത മുഴുവന്‍ ചെരിപ്പിന്റെ സംസ്ഥാന സമ്മേളനം, പത്രങ്ങള്‍ അങ്ങിങ്ങായി ആര്‍ക്കോ വേണ്ടി ചിതറി കിടക്കുന്നു, മെഡിക്കല്‍ കോളേജിലെ ജനറല്‍ വാര്‍ഡിലെ പോലെ ഒരു റൂമില്‍ എല്ലാ കട്ടിലുകളും നിരത്തിയിട്ടിരിക്കുന്നു, മറ്റൊരു റൂമില്‍ ഒരു അടിവസ്ത്രങ്ങളുടെ മൊത്ത വ്യാപാരശാല. ആകെക്കൂടി മൊത്തം ഭേഷായിരിക്കുന്നു.

                   കൊച്ചു വര്‍ത്തമാനങ്ങള്‍ക്കിടയില്‍ ഞാന്‍ എന്‍റെ അടുത്ത ദിവസത്തെ ടൂര്‍ അവതരിപ്പിച്ചു. ഇത്തിരി സാള്‍ട്ട്‌ & പെപ്പെര്‍ കൂട്ടി നന്നായി പൊലിപ്പിച്ചു യാത്രാ വിവരണം നല്‍കി. അപ്പോ ഇത്തുവിനു ഒരു മനഞ്ചാട്ടം. അടുത്ത ദിവസം നാട്ടില്‍ പോകാന്‍ ഇരുന്ന പയ്യനാ, ദേണ്ടെ കറങ്ങി അടിച്ചു എന്‍റെ ‘പൊലിപ്പിക്കലില്‍’ വീണു. നാളത്തെ വീട്ടില്‍ പോക്ക് ക്യാന്‍സല്‍, പൊള്ളാച്ചി ഓക്കേ.അപ്പോ തന്നെ ഡ്രെസ്സും മറ്റും പായ്ക്ക് ചെയ്തു പയ്യന്‍സ് ഇറങ്ങി. നേരെ എന്‍റെ റൂമില്‍ പോയി, നാളത്തെ യാത്രയും സ്വപ്നം കണ്ടു കിടന്നുറങ്ങി. സ്വപ്നത്തില്‍ മുഴുവന്‍ ഞാന്‍ കുതിരപുറത്തു സവാരിയിലായിരുന്നു.

                   സാധാരണ ഓഫീസ് ദിവസങ്ങളില്‍  9 – 9.30 – 10 മണിക്ക് എഴുന്നേല്‍ക്കുന്ന ഞാന്‍ അന്ന് 7  മണിക്ക് എഴുന്നേറ്റു. അല്ലേലും ഞാന്‍ പണ്ടേ അങ്ങന്നാ. സ്കൂളില്‍ പഠിക്കുന്ന കാലത്ത്, സ്കൂള്‍ ദിവസങ്ങളില്‍  അമ്മ ഒരു പത്തു ഇരുപതു വട്ടം വിളിച്ചാലും എഴുന്നെല്‍ക്കാത്ത ഞാന്‍ അവധി ദിവസങ്ങളില്‍ അതിരാവിലെ എഴുന്നേറ്റു റെഡി ആയിട്ടുണ്ടാകും.  അതിനു അമ്മയുടെ വക ധാരാളം ചീത്ത കൊള്ളും. കാരണം ഈ ദിവസങ്ങളിലാണ് അമ്മ ഇത്തിരി കൂടുതല്‍ ഉറങ്ങുന്നത്. എനിക്കാണേല്‍ വിശപ്പിന്‍റെ അസുഖം ഇത്തിരി കൂടുതലാണെ, അതിനാല്‍ നേരത്തെ എഴുന്നേറ്റാല്‍ എനിക്ക് നേരത്തെ വിശക്കും എന്ന് അമ്മക്ക് അറിയാം. ഹോ, അതൊരു സുന്ദരകാലം. ഒന്നും അറിയേണ്ടായിരുന്നു. ചുമ്മാ എഴുന്നേല്‍ക്കുക, ഭക്ഷണം കഴിക്കുക, സ്കൂളില്‍ പോകുക, വെറുതെ ക്ലാസ്സില്‍ ഇരിക്കുക, കളിക്കുക, വൈകിട്ട് വീട്ടില്‍ വരുക, പേരിനു അമ്മ കാണാന്‍ എന്തെങ്കിലും പഠിക്കുക, ഭക്ഷണം കഴിക്കുക, ഉറങ്ങുക….

                  അങ്ങനെ നേരത്തെ എഴുന്നേറ്റു കുളിച്ച്, കുറി തൊട്ടു, കച്ച കെട്ടി, ഭാണ്ഡങ്ങള്‍ ചുമലിലേറ്റി, കളരി പരമ്പര ദൈവങ്ങളെ മനസ്സില്‍ വന്ദിച്ചു ഐശ്വര്യമായി ‘Kicker’  അടിച്ചു വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു യാത്ര തുടങ്ങി. ഒന്നാമത്തെ കിക്കില്‍ വണ്ടി സ്റ്റാര്‍ട്ട്‌ ആയപ്പോള്‍ കൂടുതല്‍ സന്തോഷമായി. ഭാണ്ഡങ്ങള്‍ വേണ്ട , ഭാണ്ഡം പോരെ, നമുക്ക്‌ രണ്ടു പേരുടെയും സകലമാന സാധനങ്ങളും കെട്ടി ഒരു ബാഗിലാക്കാം. അപ്പോള്‍ പുറകെ ഇരിക്കുന്ന ആള്‍ ചുമന്നാല്‍ മതിയാലോ ? അതായിരുന്നു ഇത്തുവിന്‍റെ പ്ലാന്‍. എന്നിട്ട എന്നോടൊരു ചോദ്യം,

“എങ്ങനെ ഉണ്ട് എന്‍റെ പുത്തി ? “

ഞാന്‍ പറഞ്ഞു, “കിടിലന്‍ നീ സംഭവം തന്നെ. വെയിലും മഴയും കൊള്ളിക്കല്ലേ “

             മനസ്സില്‍ പാവത്തിന്‍റെ വിധിയോര്‍ത്തു ഞാന്‍ കൊള്‍മയില്‍ കൊള്ളുവായിരുന്നു. “വണ്ടി മുഴുവന്‍ ഞാന്‍ തന്നെ ഓടിക്കും. പോയി വരുന്നത് വരെ നീ പുറകില്‍ തന്നെ ആയിരിക്കുമെടാ സുന്ദരാ. അപ്പോള്‍ മുഴുവന്‍ സമയവും നീ തന്നെ ബാഗ്‌ പിടിക്കേണ്ടി വരുമെടാ മത്തങ്ങാ തലയാ”. ഒരുത്തനിട്ടു പണി കൊടുത്തപ്പോള്‍ ഒരു മനസ്സുഖം. ആ നിര്‍വൃതിയില്‍ ഗിയര്‍ അഞ്ചിലെക്കിട്ടു വേഗത കൂട്ടി. ഇടപ്പള്ളി , ആലുവ, മൂക്കന്നൂര്‍ , അതിരപ്പള്ളി, വാഴച്ചാല്‍ , വാല്‍പ്പാറ വഴി പൊള്ളാച്ചി. അതായിരുന്നു പോകാന്‍ ഉദ്ദേശിക്കുന്ന വഴി. ആദ്യം മണ്ണുത്തി വഴി പാലക്കാട്‌ പിടിച്ചു പോകാനായിരുന്നു പ്ലാന്‍. ഏതോ ഒരു നല്ല നിമിഷത്തില്‍  ആ പ്ലാന്‍ ഉപേക്ഷിച്ചു. അല്ലേല്‍ ജിവിതത്തിലെ ചില സുന്ദര നിമിഷങ്ങള്‍ എനിക്ക് നഷ്ടപ്പെട്ടേനെ.

              Sun Rise ഹോസ്പിറ്റലിന്‍റെ അടുത്താണ് എന്‍റെ റൂം. Seaport – Airport റോഡ്‌ വഴിയാണ് യാത്ര. ഇടപ്പള്ളി – കളമശ്ശേരി റോഡില്‍ എത്തുന്നതിനു മുന്‍പ് ഒരു തറവാടുണ്ട്. എന്തേ എന്നറിയില്ല, അതിനു മുന്‍പില്‍ എത്തിയപ്പോള്‍ ഞാനും അവനും ഒരുമിച്ചു അങ്ങോട്ടേക്ക് നോക്കിപ്പോയി. രാവിലെ ആയതിനാല്‍ ആളും ക്യൂവും ഇല്ലായിരുന്നു. അങ്ങനെ ഒരു സന്ദര്‍ഭം കേരളത്തില്‍ അത്യപൂര്‍വമാണ്. ഒരു ദീര്‍ഘ നിശ്വാസത്തിന്‍റെ അകമ്പടിയോടെ വീണ്ടും മുമ്പോട്ടെക്ക് യാത്ര തുടര്‍ന്നു. ആലുവ – ചാലക്കുടി റോഡില്‍ മൂക്കന്നൂരില്‍ എത്തുമ്പോള്‍ വലതുവശത്തേക്ക് ഒരു റോഡുണ്ട്. ഒരു സ്വകാര എസ്റ്റേറ്റ്‌ വഴി നേരെ അതിരപ്പള്ളി എത്താം. എസ്റ്റേറ്റ്‌ കയറി ഇറങ്ങുമ്പോള്‍ എത്തുന്നത്‌ അതിരപ്പള്ളി ‘Silver storm’ ന്‍റെ എതിര്‍ വശത്ത് കാണുന്ന പാലത്തിലാണ്.

    അതിരപ്പള്ളി ഇറങ്ങി ആ സുന്ദരിയുടെ ഇടതൂര്‍ന്ന കാര്‍കൂന്തലിന്‍റെ ഭംഗി ആസ്വദിച്ചു കൊണ്ട് കുറച്ചു ഭാഗങ്ങള്‍ ക്യാമറയില്‍ ഒപ്പി. അപ്പോഴേക്കും ചെറുതായി മഴ തുടങ്ങിയിDSCN0018രുന്നു. ലെന്‍സ് കവര്‍ എടുത്തു ലെന്‍സ്‌ അടച്ചു ക്യാമറ ബാഗിലാക്കി വീണ്ടും യാത്രയായി. വാഴച്ചാല്‍ - അതിരപ്പള്ളിയിലെ സുന്ദരിയെ നീലിഭൃംഗാദി തേച്ചു കുളിപ്പിക്കുന്നവള്‍. അവിടെ ഒരു ചെക്ക്‌പോസ്റ്റ്‌ ഉണ്ട്. കേരള പോലീസിന്‍റെ അധികാര പരിധിയിലെ ആ ചെക്ക്‌പോസ്റ്റില്‍ ചില നിയമങ്ങളുണ്ട്. ഒരു തവണ ചെക്ക്‌പോസ്റ്റ്‌ കടന്നു കഴിഞ്ഞാല്‍ പിന്നെ മലക്കപ്പാറയിലെ (ഏകദേശം 50 KM)  ചെക്ക്പോസ്റ്റില്‍ നിന്നും ഒരു പേപ്പറുമായി വന്നാലേ തിരിച്ച് കേരളത്തിലേക്ക് വിടത്തുള്ളൂ. അല്ലേല്‍ 1000 ഇന്ത്യന്‍ കറന്‍സി എണ്ണി കൊടുക്കണം. അതൊക്കെ മനസിലാക്കി എന്തായാലും പോയിട്ടേ വരൂ എന്ന് ഉറപ്പിച്ചു പെര്‍മിഷന്‍ മേടിക്കാന്‍ തീരുമാനിച്ചു. അവിടെയും ഇവിടെയും ഒപ്പും വണ്ടിയുടെ നമ്പറും എഴുതിയ ശേഷം ബാഗ്‌ ചെക്കിങ്ങിനായി കൊടുത്തു. മദ്യം, പ്ലാസ്റ്റിക്‌ മുതലായവ ഉണ്ടോ എന്നു പരിശോധിച്ചു പ്ലാസ്റ്റിക്‌ ബാഗുകളുടെ എണ്ണം എടുത്തു അത് ആ പെര്‍മിഷന്‍ പേപ്പറില്‍ രേഖപ്പെടുത്തി ഒരു ‘All the Best’ തന്നു ഞങ്ങളെ ആ പോലീസുകാര്‍ യാത്രയാക്കി. അത് കേട്ടപ്പോള്‍ ഒരു പന്തികേട്.

“ അണ്ണാ, കാട്ടില്‍ വല്ല പ്രശ്നവും ഉണ്ടോ ? മൃഗങ്ങള്‍ ഇപ്പോള്‍ ഇറങ്ങുമോ ? “

“കുഴപ്പമില്ല, അധികം ശബ്ദം ഉണ്ടാക്കാതെ പോയാല്‍ മതി. പിന്നെ മഴയും ഉണ്ടല്ലോ , പേടിക്കാനൊന്നുമില്ല” , എന്നു പറഞ്ഞു ഞങ്ങളെ സാന്ത്വനിപ്പിച്ചു.

ഓ, പിന്നെ ഇതല്ല ഇതിനപ്പുറവും ചാടി കടന്നവനാ ഈ K K Joseph എന്നു പറഞ്ഞു ബുളെളറ്റിനോട് ഒച്ച ഉണ്ടാക്കല്ലേ എന്നു പറഞ്ഞു വീണ്ടും യാത്ര തുടങ്ങി.

(തുടരും)

എങ്ങനെ തുടങ്ങണം എന്നറിയില്ല !!!

പ്രിയ സുഹൃത്തേ,


                 ഈ തലവാചകം പറയുന്നത് തന്നെയാണ് എന്‍റെ പ്രശ്നം. എങ്ങനെ തുടങ്ങണം എന്നറിയില്ല. കഴിഞ്ഞ ദിവസം മനോരമ പത്രത്തില്‍ വന്ന ഒരു ലേഖനമാണ് ഈ ഊരക്കുടുക്കിനു കാരണം . ഇപ്പോഴത്തെ ചെറുപ്പക്കാരുടെ ഇടയില്‍ കണ്ടു' വരുന്ന ഒരുതരം രോഗമായ ബ്ലോഗ്ഗിങ്ങിനെ കുറിച്ചുള്ളതായിരുന്നു ആ ലേഖനം. കൂട്ടത്തില്‍ ബ്ലോഗ്ഗിങ്ങിലൂടെ ലക്ഷപ്രഭുവായ ഒരുവന്‍റെ ഇളിച്ചുള്ള ചിത്രവും കൂടി ഉള്‍പെടുത്തിയ ലേഖനം. അതെടുത്ത് വായിക്കേണ്ട  ഒരു ആവശ്യവും എനിക്ക് ഇല്ലായിരുന്നു . പിന്നെ രാവിലെ എന്നും ബാത്ത് റൂമിലെ ആ പത്തു മിനിറ്റ് പത്രപാരായണത്തിനും കൂടിയുള്ളതായതിനാല്‍ വായിക്കാതെ ഇരിക്കാന്‍ പറ്റില്ലല്ലോ. അതെടുത്തു വായിച്ചു, വെറുതെ പണി മേടിച്ചു കൂട്ടി.


                'ബ്ലോഗിങ്ങ് തുടങ്ങൂ, ലക്ഷാധിപതി ആകൂ' എന്നൊന്നും ആരും അതില്‍ പറഞ്ഞിട്ടില്ല. പക്ഷെ എനിക്ക് അങ്ങനെ തോന്നി. എല്ലാ ശുനകനും ഒരു ദിനമുണ്ടല്ലോ ? ഇനി ഇതാവുമോ എന്‍റെ നമ്പര്‍ ? കുറേ ആലോചിച്ചു. വെറുതെ കുറേ ആലോചിച്ചത് മിച്ചം. പിന്നെ ഒന്നും നോക്കിയില്ല , തപ്പി പിടിച്ചു കുറേ ബ്ലോഗ്‌ അങ്ങ് വായിച്ചു നോക്കി. അതിനു ശേഷം ഞാന്‍ ഉറപ്പിച്ചു. ഇത് എനിക്ക് പറ്റിയ പണിയല്ല. കാരണം അത്യാവശ്യം നല്ല ഭാവനയും വായനയും ഉള്ളവര്‍ക്കേ ഇത് നടക്കൂ. ഒരു നോവലും പോലും തികച്ചു വായിക്കാത്തവര്‍ക്കു വല്ല അവാര്‍ഡും കൊടുക്കുന്നുണ്ടെങ്കില്‍ ഞാന്‍ എന്നെ തന്നെ സ്വയം നോമിനേറ്റ് ചെയ്യാനിരിക്കുവാ... അത്രയ്ക്കുണ്ട് എന്‍റെ വായനയുടെ ആഴം. 


              കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരെണ്ണം അങ്ങ് തുടങ്ങിക്കളയാം എന്നൊരു തോന്നല്‍ വന്നു.പിന്നെ ഒന്നും നോക്കിയില്ല, തൃശൂര്‍ ഭാഷയില്‍ പറഞ്ഞാല്‍  'ഒരെണ്ണം അങ്ങട്ടു പൂശാന്‍' തീരുമാനിച്ചു. അതൊക്കെ ശെരിയായപ്പോള്‍ ദേണ്ടേ അടുത്ത പ്രതിസന്ധി. ബ്ലോഗിന് ഒരു നല്ല പേര് വേണം. എന്‍റെ ഒടുക്കത്തെ ഭാവനയിലും ബുദ്ധിയിലും വന്ന എല്ലാ പേരും ഞാന്‍ കൊടുക്കാന്‍ ശ്രമിച്ചു. പക്ഷെ എന്നെക്കാളും ബുദ്ധിയും ഭാവനയും ഉള്ള വിദ്വാന്‍മാര്‍ അതൊക്കെ മുന്‍പേ കൈക്കലാക്കി. 


             'ഡാ ശവീ, ഈ പേരൊക്കെ വേറെ  ആണ്‍പിള്ളേര്‍ കൊണ്ടു പോയെടാ, വേണേല്‍ വേറെ പേര് കൊടുക്കെടാ മച്ചൂ' എന്നു പറഞ്ഞു ബ്ലോഗ്ഗെറും ഒടുക്കത്തെ പേരുകള്‍ കൊടുത്തു ഞാനും ക്ഷീണിച്ചപ്പോള്‍ പൊടുന്നനെയാണ്‌ ഒരു പത്രത്തിന്‍റെ കീറിയ താളില്‍ ഒരു പേര് കണ്ടത്. 'കളിപൊയ്ക' - കൊള്ളാം എനിക്കിഷ്ട്ടായി. ' ഓം ഹ്രീം പേരായ നമ:ഹ' എന്ന് പറഞ്ഞു ബ്ലോഗ്ഗെറിനു അതിന്‍റെ സംഭരണിയില്‍ പോയി ഈ പേരുണ്ടോ എന്നു തപ്പി നോക്കാന്‍ മറ്റൊരു അവസരം കൂടി കൊടുത്തു. തപ്പി തടഞ്ഞു എന്‍റെ നാട്ടിലെ BSNL ന്‍റെ  ലൈനായ ലൈനൊക്കെ കയറി ഇറങ്ങി കക്ഷി ഒരു കാര്യം പറഞ്ഞു. 'യുറീക്ക യുറീക്ക, നീ സുലൈമാനല്ല ഹനുമാനാ ഹനുമാന്‍'. അങ്ങനെ എനിക്ക് എന്‍റെ ബ്ലോഗ്ഗിനു ഒരു പേര് കിട്ടി. 


             അങ്ങനെ ഒരു പുതിയ ഉധ്യമവും ബ്ലോഗുമായി ഈ ചിലന്തിവലയുടെ ലോകത്തില്‍ ഈയുള്ളവന്‍ കാലെടുത്തു വെച്ചു.